ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പ്രാചീന കാലം
പൊന്നാനി എന്ന സ്ഥലനാമത്തിന്റെ പിന്നിലുള്ള ഐതിഹ്യങ്ങൾ ഒട്ടേറെയാണ്. പൊൻനാണയങ്ങളുടെ നാടാണ് പിന്നീട് പൊന്നാനി എന്ന് അറിയപ്പെട്ടതെന്നു കരുതപ്പെടുന്നു. ഇന്ത്യ ചരിത്രത്തിൽ ആദ്യമായി പൊന്നാനിയിൽ ആയിരുന്നു വാണിജ്യ രംഗത്ത് അറബി പൊൻനാണയങ്ങൾ പ്രചാരത്തിൽ വന്നത്. ഈ പ്രദേശത്തെ ക്ഷേത്രങ്ങളിൽ പൊന്നിൽ തീർത്ത ആനകളുടെ പ്രതിമകൾ വഴിപാടായി ലഭിച്ചിരുന്നുവെന്നും പൊന്നാനകളെ ആരാധിച്ചിരുന്നുവെന്നും പൊന്നാന്നകളുടെ നാട് പൊന്നാനിയായി രൂപാന്തരപ്പെട്ടതാണെന്നും മറ്റൊരു കഥ കേൾക്കുന്നുണ്ട്. ഇതിനോടനുബന്ധമായി ആഴ്വാഞ്ചേരി തമ്പ്രാക്കളും, പാക്കനാരും ഉൾപ്പെട്ട ഒരു കഥയുമുണ്ട്. അതിപ്രാചീനകാലത്ത് പൊന്നൻ എന്നൊരു രാജാവ് ഇവിടം ഭരിച്ചിരുന്നുവെന്നും അതു കാരണമാണ് ഈ പ്രവേശം പൊന്നാനി ആയതെന്നും മറ്റൊരഭിപ്രായമുണ്ട്. പൗരാണികകാലം മുതൽക്കേ ചരിത്രത്തിൽ സ്ഥാനം പിടിച്ച പശ്ചിമതീരത്തെ തുറമുഖപട്ടണങ്ങളിലൊന്നാണ് പൊന്നാനി. എ ഡി ഒന്നാം നൂറ്റാണ്ടിനോടടുത്ത് ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട എരിത്രിയൻ കടലിലെ പെരിപ്ലസ് എന്ന ചരിത്രഗ്രന്ഥത്തിലെ തിണ്ടിസ് പൊന്നാനി തന്നെയാണെന്ന് ചരിത്രകാരന്മാരിൽ പലരും അഭിപ്രായപ്പെടുന്നു എങ്കിലും സാമൂതിരിയുടെ ഭരണകാലത്തിനു മുമ്പുള്ള പൊന്നാനിയെക്കുറിച്ച് പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളൊന്നുമില്ല.
മധ്യകാലം
സാമൂതിരിമാർക്ക് മുമ്പ് തിരുമനശ്ശേരി രാജാക്കൻമാരുടെ കീഴിലായിരുന്നു പൊന്നാനി എന്ന് കരുതപ്പെടുന്നു. സാമൂതിരിമാരുടെ ഭരണം പൊന്നാനിയുടെ സുവർണ്ണ കാലമായിരുന്നുവെന്ന് പറയാം. തങ്ങളുടെ രണ്ടാം തലസ്ഥാനനഗരി എന്ന നിലയ്ക്കായിരുന്നു ഭരണകർത്താക്കൾ ഈ നഗരത്തെ കണ്ടിരുന്നത്. 1498ൽ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയപ്പോൾ സാമൂതിരി പൊന്നാനിയിൽ ആയിരുന്നു പറങ്കിപ്പടയുടെ പേടിസ്വപ്‌നവും, സാമൂതിരിയുടെ നാവികപ്പടത്തലവന്മാരുമായിരുന്ന കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർമാർ പല നിലയ്ക്കും പൊന്നാനിയുമായി ബന്ധമുള്ളവരായിരുന്നു കൊച്ചിയിൽ വേരുകളുണ്ടായിരുന്ന ഇവർ കുറേക്കാലം കുടുംബസമേതം പാർത്തിരുന്നത് പൊന്നാനിയിലായിരുന്നു. 1507-ൽ അൽമേഡ എന്ന പറങ്കിപ്പട നായകൻ ഈ നഗരം ചുട്ടെരിച്ചതിനെ തുടർന്നാണ് മരയ്ക്കാർ കുടുംബം പൊന്നാനി വിട്ട് മാറിത്താമസിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു 1766-ൽ ഹൈദരാലിയുടെ കടന്നാക്രമണത്തോടെ സാമൂതിരി ഭരണം അവസാനിച്ചു. തുടർന്ന് പൊന്നാനിയും മൈസൂർ സുൽത്താൻമാരുടെ ഭരണത്തിൻ കീഴിലായി. 1790-92ൽ ടിപ്പുസുൽത്താൻ മൈസൂരിൽ നിന്നും കൊച്ചിയിലേക്ക് പടയെ അയച്ചിരുന്നു അവർ പൊന്നാനി വഴിയാണ് സഞ്ചരിച്ചത്. ഈ വഴിയാണ് ആദ്യകാലത്ത് ടിപ്പുസുൽത്താൻ റോഡ് എന്നും ഇപ്പോൾ പുതുപൊന്നാനി റോഡ് എന്നും അറിയപ്പെടുന്നത്. ടിപ്പുവിൻ്റെ പതനത്തെ തുടർന്ന് ബ്രിട്ടീഷ് ആധിപത്യത്തിലമർന്ന പൊന്നാനി ഹ്രസ്വകാലം ബോബെ പ്രോവിഡൻസിൻ്റെ ഭാഗമായിരുന്നു പിന്നീട് ഒന്നര നൂറ്റാണ്ടിലേറെക്കാലം മദ്രാസ് പ്രോവിഡൻസിലെ മലബാർ ജില്ലയിലാണ് പൊന്നാനി ഉൾപ്പെട്ടിരുന്നത്. 1861-ൽ ചാവക്കാട്, കൂറ്റനാട് വെട്ടത്തുനാട് എന്നീ താലൂക്കുകളുടെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപീകരിക്കുന്നത് വരെ പൊന്നാനി, കൂറ്റനാട് താലൂക്കിൻ്റെ ആസ്ഥാനമായിരുന്നു. 1901 വരെ പൊന്നാനി മുൻസിഫ് കോടതിയുടെ പേര് കൂറ്റനാട് മുൻസിഫ് കോടതി എന്നായിരുന്നു. ഈ പ്രദേശത്തുനിന്നും ഒട്ടനവധി പേർ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 1921-ൽ മലബാർ കലാപത്തിന് ആരംഭം കുറിച്ച ഖിലാഫത്ത് പ്രവർത്തകരുടെ ഒരു സമ്മേളനം പൊന്നാനിയിൽ വെച്ച് നടക്കുകയുണ്ടായി. 1907-ലാണ് പൊന്നാനി പഞ്ചായത്ത് രൂപീകൃതമാവുന്നത്. 1977 നവംബർ 15-നാണ് പൊന്നാനി നഗരസഭരൂപീകൃതമായത്. ദക്ഷിണേന്ത്യയിലെ പടിഞ്ഞാറൻ തീരത്തെ അതിപുരാതനമായ ഒരു തുറമുഖമാണ് പൊന്നാനി. കേളത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ പൊന്നാനി മലപ്പുറം, പാലക്കാട് തൃശ്ശൂർ ജില്ലകൾക്ക് ഏറെ ആശ്രയിക്കാവുന്നതും കിഴക്ക് കോയമ്പത്തൂർ വരെയുള്ള പ്രദേശങ്ങൾക്ക് ഏറ്റവും അടുത്തുള്ളതുമായ ഏക തുറമുഖവുമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ തുറമുഖത്ത് വൻതോതിലുളള കയറ്റിറക്കുമതി നടന്നിരുന്നു.
പൊന്നാനി തുറമുഖത്ത് അറബികളും, ബ്രിട്ടീഷുകാരുൾപ്പെടെ മറ്റ് യുറോപ്യന്മാരും മലഞ്ചരക്കുവ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. 1960-കളിൽ പോലും കപ്പലുകൾ വന്നടുത്തിരുന്ന ഈ തുറമുഖത്ത് 1970-കളുടെ പകുതിവരെ പത്തേമാരികൾ പാതാറിൽ വന്നടുക്കുകയും ചരക്കുകളുടെ കയറ്റിറക്ക് നടക്കുകയും ചെയ്‌തിരുന്നു. പ്രാചീനകാലം മുതൽ ഇവിടെ തഴച്ചുവളരുകയും ഈ അടുത്തകാലം വരെ നിലനിൽക്കുകയും ചെയ്‌തിരുന്ന ഉരു നിർമ്മാണ വ്യവസായം, ഇന്നൊരു മധുരിക്കുന്ന ഓർമ്മ മാത്രമായി അവശേഷിക്കുന്നു. മലബാർ പ്രദേശത്ത് റെയിൽ ഗതാഗതം ആരംഭിച്ചതോടൊ സമുദ്ര വ്യാപാരമേഖല മന്ദീഭവിക്കുകയും കാലക്രമേണ തുറമുഖമെന്ന നിലയ്ക്കുള്ള പ്രാധാന്യം പൊന്നാനിക്ക് നഷ്‌ടപ്പെടുകയും ചെയ്‌തു. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന അഴിമുഖം, കുഞ്ഞാലിമരയ്ക്കാരുടെ താവളം എന്നിങ്ങനെ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും പ്രാധാന്യമുളള പൊന്നാനിക്ക് ഹിന്ദുമതത്തിൻ്റേയും ഇസ്ലാം മതത്തിൻ്റേയും സമുന്നതമായ വൈദിക പാരമ്പര്യവും അവകാശപ്പെടാനുണ്ട്. നിളാനദീതടത്തിൻ്റെ സവിശേഷമായ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന ഈ പ്രദേശം, കേളപ്പജി, ഇടശ്ശേരി തുടങ്ങിയ മഹാപ്രതിഭാശാലികളുടെ കർമ്മമണ്‌ഡലം കൂടിയായിരുന്നു. മലപ്പുറം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന പൊന്നാനിയുടെ പേരിൽ അറിയപ്പെടുന്ന ഒരു താലൂക്കും മുനിസിപ്പാലിറ്റിയും ബ്ലോക്ക് പഞ്ചായത്തുമുണ്ട്. എന്നാൽ, പൊന്നാനി നഗരവും തുറമുഖവും ഈ ബ്ലോക്ക് പഞ്ചായത്ത് അതിർത്തിക്കുള്ളിൽ പെടുന്നില്ല. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മുഖ്യ ഉൽപാദന മേഖല കൃഷിയാണ് ഇവിടുത്തെ പ്രധാന കാർഷിക വിള നെല്ലാണ്. 1950-കളുടെ അവസാനം വരെ ഇവിടുത്തെ ഭൂമി സവർണ്ണ ജന്മിമാരും, ദേവസ്വങ്ങളും കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു കൃഷിക്കാർ ജന്മിമാരിൽ നിന്ന് പാട്ടത്തിനെടുത്ത് കൃഷി നടത്തിപ്പോന്നു. ജന്മിത്വം ഈ കാലഘട്ടത്തിൽ ശക്തമായി നിലനിന്നിരുന്നു. ഭൂപരിഷ്‌കരണ നിയമം ജന്മിത്വത്തിന് അറുതി വരുത്തുകയും അതോടെ കൃഷിക്കാർക്ക് കാർഷിക വൃത്തിയിൽ ആഭിമുഖ്യം വർദ്ധിക്കുകയും ചെയ്‌തു
ആ കാലഘട്ടത്തിൽ നെൽകൃഷിക്ക് വളരെയധികം പ്രാധാന്യം ലഭിച്ചിരുന്നു. തെങ്ങുകൃഷിക്കും കവുങ്ങ് കൃഷിക്കും ഏറെ പ്രചാരം കൈവന്നിരുന്നു. കാർഷിക മേഖലയിലുണ്ടായ ഈ മാറ്റം സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ ഒട്ടേറെ മുന്നേറ്റങ്ങൾക്കിടവരുത്തി. എന്നാൽ ഈ ഉണർവ്വ് സ്ഥായിയായി നിലനിർത്താനും കർഷകരെ തങ്ങളുടെ മേഖലയിൽ പിടിച്ചു നിർത്താനും കഴിഞ്ഞില്ല. നെല്ല് കൊയ്‌ത ശേഷം വേനൽക്കാലത്ത് വ്യാപകമായ രീതിയിൽ പച്ചക്കറി കൃഷിയും ചെയ്‌തു വന്നിരുന്നു. എന്നാൽ ഇന്ന് ഇത്തരം കൃഷികൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതായിരിക്കുന്നു പുഴകളും കായലുകളും തോടുകളും നിറഞ്ഞുകിടക്കുന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ഉൾനാടൻ മത്സ്യബന്ധനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഉൾനാടൻ മത്സ്യബന്ധനം ഉപജീവനമാർക്ഷമായി സ്വീകരിച്ചിട്ടുള്ള രണ്ടായിരത്തോളം തൊഴിലാളികൾ ഈ ബ്ലോക്കിലുണ്ട്. 1970 മുതൽ കേരളത്തിലെ പ്രമുഖ അടക്ക സംസ്ക്കരണ കേന്ദ്രമാണ് എടപ്പാൾ പഞ്ചായത്തിലെ അയിലക്കാട് പൊന്നാനിയിൽ നിന്ന് ജോലി തേടി അറബിനാടുകളിൽ എത്തിയവരുടെ സംഖ്യ വലുതാണ്. വേദേതിഹാസ പുരാണമെല്ലാം മേൽജാതിക്കാരൻ്റെ പൈതൃകമായിരുന്ന പഴയകാലത്ത് ശൂദ്രമക്ഷര സംയുക്തം ദൂരത: പരിവർജ്ജയേൻ എന്ന നിയമം ഇവിടെ കർശനമായി പാലിക്കപ്പെട്ടിരുന്നത് കാണാം. ഇന്ന് ശുകപുരം എന്നറിയപ്പെടുന്ന ഗ്രാമം അക്കാലത്ത് അറിയപ്പെടുന്ന വൈദിക പഠന കേന്ദ്രമായിരുന്നു. പൊന്നാനിയുടെ വിദ്യാഭ്യാസ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊന്നാനിയിൽ സൈനുദ്ദീൻ മഖ്‌ദുമുമാരുടെ നേത്യത്വത്തിൽ നടന്നിരുന്ന മതപഠനശാലയും വേദമന്ത്രോച്ചാരണങ്ങൾ ഉയർന്നിരുന്ന തവനൂർ ഓത്തന്മാർ മഠവുമാണ് അക്കാലത്തുണ്ടായിരുന്ന പ്രധാന വിജ്ഞാന കേന്ദ്രങ്ങൾ. വിദ്യാഭ്യാസ രംഗത്ത് സവർണ്ണമേധാവിത്വം നിലനിന്നിരുന്നെങ്കിലും വൈദ്യശാസ്ത്രവും തച്ചുശാസ്ത്രവും കീഴ്ജാതിക്കാരും പാരമ്പര്യമായി പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ആരംഭം കുടിപ്പള്ളിക്കൂടങ്ങളിലൂടെ ആയിരുന്നു. ഈശ്വരമംഗലത്തെ കുടിപ്പളളിക്കുടമാണ് പൊന്നാനിയിൽ ആദ്യം ആരംഭിച്ചത്. മെക്കോളെ പ്രഭു തുടങ്ങിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി 1880-നോടടുത്ത് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്ഥാപിച്ച എലിമെന്ററി
സ്കൂളാണ് പൊന്നാനിയിലെ ആദ്യത്തെ വിദ്യാലയം പിന്നീടത് യു പി സ്‌കൂളായി ഉയർത്തപ്പെട്ടു. അതാണ് ബി.ഇ.എം.യു.പി. സ്‌കൂൾ. 1892-ൽ പുഴമ്പ്രം എലിമെൻ്ററി സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. പിന്നീട് അത് ഈശ്വരമംഗലത്തേക്കു മാറ്റപ്പെട്ടു. ഇപ്പോൻ അത് കെ.ഇ.എ.എൽ.പി സ്‌കൂൾ ഈശ്വരമംഗലം എന്ന പേരിൽ അറിയപ്പെട്ടു. 1895-ൽ നേറ്റീവ് മീഡിൽ സ്‌കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് പൊന്നാനിയിലെ ആദ്യത്തെ ഹൈസ്‌കൂൾ ആയ എ.വി ഹൈസ്‌കൂൾ. കേരള ഗാന്ധി എന്നറിയപ്പെടുന്ന കേളപ്പൻ ഈ വിദ്യാലയത്തിലെ അദ്ധ്യാപകനായിരുന്നു പ്രഗൽഭമും പ്രശസ്‌തരുമായ പല മാന്യവ്യക്തികളും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഈ വിദ്യാലയങ്ങളെല്ലാം പഴയ ഈഴുവത്തിരുത്തി പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. വട്ടംകുളം പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് 1920-ലാണ് 1925-ൽ അത് ഹയർ എലിമെൻ്ററി സ്‌കൂളായി ഉയർത്തപ്പെട്ടു. അതാണ് ഇന്നത്തെ സി.പി.എൻ.യു.പി സ്‌കൂൾ ഇതേ കാലത്തുതന്നെ കുറ്റിപ്പാലയിലും ചേകനൂരിലും പ്രൈമറി വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു 1957-ലാണ് എടപ്പാൾ ഗവൺമെൻ്റ് ഹൈസ്‌കൂൾ സ്ഥാപിതമായത്. എടപ്പാൾ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം സ്ഥാപിച്ചത് എടപ്പാൾ അങ്ങാടിക്കു സമീപമാണ്. പഞ്ചായത്തിലെ ആദ്യത്തെ യുപി സ്‌കൂൾ പെരുമ്പറമ്പ് യു.പി. സ്‌കൂളാണ്. ഹൈസ്‌കൂൾ ആരംഭിച്ചത് 1995-ലാണ്. തവനൂർ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ഇന്നത്തെ തൃക്കണാപുരം ജി.എൽ.പി.സ്‌കൂളാണ്. പിന്നീട് മറവഞ്ചേരി ഹരിജൻ വെൽഫയർ സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹൈസ്‌കൂൾ കേളപ്പൻ മെമ്മോറിയൽ പോസ്റ്റ് ബേസിക് സ്‌കൂൾ ആണ്. പിന്നീടത് ഗവൺമെന്റ്റ് ഏറ്റെടുക്കുകയും തുടർന്ന് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളായി ഉയർത്തുകയും ചെയ്‌തു. ഉന്നത വിദ്യാഭ്യാസത്തിന് തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായി. ഇപ്പോൾ ഈ സ്ഥാപനം അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. അധികാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ചന്തപ്പറമ്പുകൾ എന്നിവിടങ്ങളിലേക്കായിരുന്നു ആദ്യകാലങ്ങളിൽ റോഡുകൾ നിർമ്മിച്ചത്. 1930-കളുടെ മധ്യത്തിൽ പൊന്നാനിയിൽ നിന്ന് എടപ്പാളിലൂടെ പാലക്കാട്ടേക്ക് കൽക്കരി ഉപയോഗിച്ചുള്ള കരിവണ്ടി ബസ് കടന്നുപോയപ്പോൾ ഈ പ്രദേശത്ത് ആധുനിക ഗതാഗതത്തിന് തുടക്കം കുറിക്കുകയായിരുന്നു ഇന്ന് സ്റ്റേറ്റ് ഹൈവേ 30 എന്നറിയപ്പെടുന്ന ഈ പാത സ്വാതന്ത്ര്യത്തിനു ശേഷം ടാർ ചെയ്തു. നിളാ നദീതടത്തിൻ്റെ സവിശേഷമായ സാംസ്‌കാരിക പൈതൃകം പിന്തുടരുന്ന ഭൂപ്രദേശമാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രശസ്‌തമായ ഒരു വൈദിക പാരമ്പര്യവും സമ്പന്നമായ നാടോടി സംസ്കൃതിയും ഈ ദേശത്തിനവകാശപ്പെടാനുണ്ട്. സർവ്വോദയ മേളയുടെ ആസ്ഥാനമായ തവനൂരും, വേദവിദ്യാ കേന്ദ്രമായിരുന്ന ശുകപുരവും പൊന്നാനി ബ്ലോക്കിൽപെട്ട ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളാണ്.
ഹിന്ദു, മുസ്ലിം, കൃസ്ത‌്യൻ സമുദായങ്ങൾ സഹോദരഭാവേന പുലർന്നുപോരുന്ന ഈ പ്രദേശത്തിന്റെ മുഖ്യ സാംസ്‌കാരിക സവിശേഷത ഇവിടെ നിലനിൽക്കുന്ന മതസൗഹാർദ്ദമാണ്. കേളപ്പജി, മഹാകവി ഇടശ്ശേരി, ഉറുബ്, എം. ഗോവിന്ദൻ, ടി.കെ പത്മിനി തുടങ്ങി സാംസ്കാരിക കേരളത്തിന്റെ അഭിമാന സ്‌തംഭങ്ങളായ മഹാ പ്രതിഭാശാലികളുടെ കർമ്മ മണ്‌ഡലമായിരുന്നു ഇവിടം. ദേശീയ നവോന്ഥാനത്തിനും സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾക്കും ഇവരുടെ സർക്ഷ സംഭാവനകൾ രാസത്വരകമായി ഭവിച്ചിട്ടുണ്ടെന്നുളളത് തർക്കമറ്റ ചരിത്രമാണ്. സ്വാതന്ത്ര്യ പൂർവ്വകാലം തൊട്ടുതന്നെ സാമൂഹ്യ-രാഷ്ട്രീയ സംഘടനകളും ഗ്രന്ഥശാല കലാസമിതി പ്രസ്ഥാനവും ഇവിടെ പ്രവർത്തനമാരംഭിച്ചു. മതേതരത്വത്തിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്‌ഠിതമായ പുരോഗമന സംസ്ക്കാരം രൂപപ്പെടുത്തിയെടുത്തതിൽ ഈ സ്ഥാപനങ്ങൾ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. 1940-കളിൽ മലബാറിലെ ജനകീയ നാടക പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായിരുന്നു പൊന്നാനി. ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള കൃപാ പ്രൊഡക്ഷൻ ജനകീയ നാടക പ്രവർത്തനങ്ങൾക്ക് മാതൃകയായിരുന്നു ഇടക്കാലത്ത് മുറിഞ്ഞുപോയ ഈ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാൻ ഈയിടെ പൊന്നാനി നാടകവേദി അമെച്വർ തിയേറ്റർ ഗ്രൂപ്പ് മുന്നോട്ട് വന്നിട്ടുണ്ട്. സാംസ്കാരിക പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നുവരുന്നു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 3 ഗവ: ഹയർ സെക്കൻ്റി സ്‌കൂളുകളും 2 എയ്‌ഡഡ് ഹയർ സെക്കൻ്ററി സ്‌കൂളുകളും പ്രവർത്തിക്കുന്നു കൂടാതെ, ഐ.എച്ച് ആർ.ഡിയുടെ കീഴിൽ ഒരു ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് കൂടാതെ എം.ഇ.എസ്. എഞ്ചിനീയറിങ്ങ് കോളേജും പ്രവർത്തിക്കുന്നു. പൊതുവെ വിദ്യാഭ്യാസരംഗത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഉന്നത നിലവാരം പുലർത്തിവരുന്നുണ്ട്.
1967-ൽ രൂപീകൃതമായ പൊന്നാനി ബ്ലോക്കിൽ പൊന്നാനി, ഈഴുവത്തിരുത്തി, എടപ്പാൾ, വട്ടംകുളം, തവനൂർ എന്നീ ഗ്രാമ പഞ്ചായത്തുകളും മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൻ്റെ ഏതാനും വാർഡുകളും ഉൾപ്പെട്ടിരുന്നു. പൊന്നാനി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി പൊന്നാനി നഗരസഭരൂപീകൃതമായപ്പോൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതും എന്നാൽ പൊന്നാനി ബ്ലോക്കിന്റെ ഭാഗമായിരുന്നതുമായ ഭൂപ്രദേശങ്ങൾ പെരുമ്പടപ്പ് ബ്ലോക്കിൻ്റെ ഭാഗമാകുകയും ചെയ്‌തു. രണ്ടായിരത്തിൽ ഈഴുവത്തിരുത്തി ഗ്രാമ പഞ്ചായത്തിനെ കൂടി പൊന്നാനി നഗരസഭയുടെ ഭാഗമാക്കുകയും തവനൂർ ഗ്രാമ പഞ്ചായത്തിനെ വിഭജിച്ച് കാലടി ഗ്രാമപഞ്ചായതിന് രൂപം നൽകുകയും ചെയ്തു. നിലവിൽ എടപ്പാൾ, കാലടി, വട്ടംകുളം, തവനൂർ എന്നീ നാല് പഞ്ചായത്തുകളാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭാഗമായിട്ടുളളത്.
1967ൽ രൂപീകൃതമായ പൊന്നാനി ബ്ലോക്ക് ഡവലപ്‌മെൻ്റ് ഓഫീസ് സംവിധാനം 1995 ഒക്ടോബർ 2-ന് കേരളത്തിൽ ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നതോടുകൂടിയാണ് ഇന്ന് കാണുന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് എന്ന ജനകീയ ഭരണ സംവിധാനത്തിലേക്ക് മാറിയത്. 1995 മുതൽ 2000 വരെയുള്ള കാലയളവിൽ ശ്രീ ഇ.ടി ഉണ്ണി നേത്യത്വം നൽകിയ ഭരണസമിതിയും 2000-2005 വരെയുള്ള കാലയളവിൽ ശ്രീ ടി.പി. കുഞ്ഞിമരക്കാർ മാസ്റ്റർ നേത്യത്വം നൽകിയ ഭരണസമിതിയും 2005-2010 വരെയുളള കാലയളവിൽ ശ്രീമതി വി.എൻ. ദേവകി ടീച്ചർ നേത്യത്വം നൽകിയ ഭരണസമിതിയും 2010-2015 വരെയുള്ള ഭരണസമിതിയുടെ 6/04/2012 വരെ ശ്രീ. പി. പത്മനാഭൻ ഭരണസമിതിക്ക് നേത്യത്വം നൽകുകയും ശ്രീ. പി. പത്മനാഭൻ്റെ വിയോഗത്തെ തുടർന്ന് ശ്രീ. ഇ. ബാലകൃഷ്‌ണൻ ഭരണസാരഥ്യം വഹിക്കുകയും ചെയ്തു. തുടർന്ന് 2015-2020 വരെയുള്ള കാലയളവിൽ ശ്രീമതി. ലക്ഷ്മി നേത്യത്വം നൽകിയ ഭരണസമിതിയും 2020 മുതൽ ശ്രീ. സി. രാമകൃഷ്‌ണൻ നേത്യത്വം നൽകുന്ന ഭരണസമിതിയും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനെ നയിച്ചു. നിലവിൽ അഡ്വ. ഗായത്രിയുടെ നേതൃത്വിത്തിലുള്ള ഭരണസമിതിയാണ് ബ്ലോക്ക് പഞ്ചായത്തിനെ നയിക്കുന്നത്.
ജനകീയ ഭരണസംവിധാനം യാഥാർത്ഥ്യമായ 1995 മുതൽ ഉള്ള കാലയളവിൽ വിവിധ മേഖലകളിൽ അത്യപൂർവ്വമായ വികസന മുന്നേറ്റം സൃഷ്‌ടിക്കാൻ ജനകീയ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്